Latest News

അമ്മയിലേക്ക് മടങ്ങാം

Published

on

ഒരു പതിറ്റാണ്ടിന്റെ ഓർമ്മയും പേറി മറ്റൊന്നിന്റെ പടിവാതിലിൽ നിൽകുമ്പോൾ മനസ്സ് ഒട്ടും ശാന്തമല്ല. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ നുരഞ്ഞു പൊന്തുന്ന ഒരായിരം ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരങ്ങൾക്കായുള്ള ഒരു കാത്തിരിപ്പിലാണ് നമ്മൾ. ആ കാത്തിരിപ്പിൽ ഒളിഞ്ഞു കിടക്കുന്ന ഭയത്തിന്റെയും നിരാശയുടെയും വിത്തുകൾ പൊട്ടിമുളച്ചു തുടങ്ങിയിരിക്കുന്നു. ഇനിയുള്ള ദിനങ്ങളിൽ സമാധാനവും സന്തോഷവും വെറും സ്വപ്‌നങ്ങൾ മാത്രമായിത്തീരും എന്ന ആശങ്കയും ഇല്ലാതില്ല.

ഈ ലോകം വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്തു വിപ്ലവത്തിന്റെ മണിമുഴക്കമാണെങ്കിൽ, മറുവശത്തു സ്വത്വത്തെ തന്നെ ചോദ്യം ചെയ്‌ത്‌ എതിർക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ക്രൂരതയാണ്. ചിലർ വേരുകൾ പിഴുതെറിയുമ്പോൾ ചിലർ എല്ലാം അടക്കി വാഴാനുള്ള വെമ്പലിലും. സത്യത്തിൽ നിന്നും എത്ര ദൂരെയാണ് നമ്മൾ. ആരാണീ ഭൂമിയുടെ ഉടമകൾ ആരാണ് അവകാശികൾ? ഇതൊക്കെ പണ്ടേ ജ്ഞാനികൾ ചോദിച്ച ചോദ്യങ്ങളാണ്. ഉത്തരം ഒന്നേയുള്ളു, ഒന്നിലേയുള്ളു, അത് പ്രകൃതിയിലാണ്.

നാം ഏറ്റവും അധികം സുരക്ഷിതത്വം അനുഭവിച്ചത് എപ്പോളായിരിക്കണം ?
അത് ഒരു പക്ഷെ അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കാം. അന്ന് നമ്മൾ മറ്റൊരു ജീവന്റെ ഭാഗമായിരുന്നു. ആ സ്നേഹച്ചൂടിൽ, ആ കരുതലിൽ നാം അനുഭവിച്ച സുരക്ഷിതത്വം പിന്നീടൊരിക്കലും അനുഭവിച്ചിരിക്കാൻ വഴിയില്ല. പിറന്നു വീഴുമ്പോൾ മുതൽ കാണുന്ന വെളിച്ചത്തിന്റെയും ശബ്ദങ്ങളുടെയും ഈ ലോകം നമുക് സമ്മാനിച്ചത് അശാന്തിയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ് ഓരോ പുതുജീവനും. ഇതാവണം നമ്മളെന്ന് വീണ്ടും വീണ്ടും ആരൊക്കെയോ ചേർന്ന് പഠിപ്പിക്കുകയാണ്.

ശ്വാസം മുട്ടി പിടയുമ്പോഴും വെറുപ്പിന്റെയും വിദ്വെഷത്തിന്റെയും സിദ്ധാന്തങ്ങൾ വെടിയാൻ നാം ഒരുക്കമല്ല. ഇത്തരം അനുഭവങ്ങളുടെ സൃഷ്ടിയാണ് നാം ഓരോരുത്തരുടെയും ഉള്ളിലെ ഞാൻ എന്ന ഭാവം. അതിൽ നാം സ്നേഹത്തിന്റെയും വിദ്വെഷത്തിന്റെയും വിത്തുകൾ പാകിയിരിക്കുന്നു, അവിടെ ക്രോധവും ലോഭവും മോഹവുമെല്ലാം തഴച്ചു വളരുന്നുമുണ്ട്. ഇവയെല്ലാം ചേർന്ന് കണ്ണുകൾക്കു മുന്നിലിട്ട മറയിലൂടെ കാഴ്ചകൾ അവ്യക്തമാകുന്നു. ഞാൻ എന്ന ഭാവത്തിൽ നിന്നും ഉരുവായ ഭ്രാന്തമായ ഒരു ത്വരയുണ്ട്. എല്ലാം കൈയടക്കാനുള്ള വല്ലാത്ത ഒരു ആവേശം, അതാണ് നമ്മെ പ്രകൃതിക്കെതിരെ തിരിച്ചത്.

കൊന്നും തിന്നും വെട്ടി നികത്തിയും മലിനമാക്കിയും കത്തിച്ചു ചാമ്പലാക്കിയും അവളുടെ മാറിൽ കയറി താണ്ഡവമാടിയ മനുഷ്യകുലത്തോളം ആ അമ്മയെ മുറിപ്പെടുത്തിയ മക്കളുണ്ടാവില്ല. അതെ, പ്രകൃതിയാണ് അമ്മ. ജ്ഞാനികൾക്ക് അവൾ ദൈവമാണ്. നാസ്തികർ പോലും പ്രകൃതിയാണ് ഏക സത്യമെന്നു വിശ്വസിക്കുന്നു. തുടക്കവും ഒടുക്കവും അവളിൽ തന്നെ. സ്വർഗ്ഗവും നരകവും പ്രകൃതിയിൽ കാണാം, എന്തെന്നാൽ നിന്റെ പ്രവർത്തികളാണ് അവളിൽ പ്രതിഫലിക്കുന്നത്. നമ്മുടെ നിലനിൽപ്പ് പോലും അവളിലായിരിക്കെ അവളെ നശിപ്പിക്കാൻ മുതിരുന്നത് പോലൊരു ബുദ്ധിശൂന്യത വേറെയുണ്ടോ?

ഇവിടെയാണ് പുതിയ പതിറ്റാണ്ടിനു പ്രാധാന്യമേറുന്നത്. വസുധൈവകുടുംബകം എന്നത് എന്നെ നാം മറന്നു കഴിഞ്ഞു. അനിവാര്യമായ ഓർമ്മപ്പെടുത്തലുകൾ പ്രകൃതിദുരന്തങ്ങളുടെ രൂപത്തിൽ വന്നു കൊണ്ടേയിരിക്കുന്നു. പ്രതീക്ഷകളോടെ വരവേൽക്കുന്ന വർഷത്തിൽ തിരുത്തപ്പെടേണ്ട പലതും ഉണ്ടെന്നുള്ള ബോധമാണ് ആവശ്യം. നാശത്തിന്റെ വിത്തുപാകിയ നാം തന്നെ പുതുജീവന്റെ നാമ്പുകൾ വളർത്തേണ്ടിയിരിക്കുന്നു, ഇത് ഒരു മടങ്ങിപ്പോക്കിനുള്ള സമയമാണ്. ആ അമ്മയിലേക്ക്, അവളുടെ സ്നേഹച്ചൂടിലേക്കുള്ള ആ മടക്കയാത്രയിൽ സ്വത്വത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും. പ്രകൃതിയിലെ ഓരോ അണുവിലും നാം നമ്മെ തന്നെ കാണും. ഓരോ ജീവനെയും സ്നേഹിക്കും. ആ സ്നേഹത്തിനൊടുവിൽ ഉള്ളിലെ ഞാൻ അലിഞ്ഞില്ലാതെയാവും. അപ്പോൾ മുതൽ സത്യം വെളിപ്പെട്ടുതുടങ്ങുകയായി. ആ സത്യം തന്നെയാണ് ശിവം. അതാണ് ഏറ്റവും സുന്ദരവും. പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന ആ മഹാസത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമാവട്ടെ ഈ പുതുവർഷം.

ഡോ ദേവിശ്രീ

Trending

Exit mobile version