Latest News
പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഓടി തുടങ്ങി
തിരുവനന്തപുരം . കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലേത് അടക്കം 9 വന്ദേഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു. 140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യത്തെ അടിസ്ഥാന സൗകര്യവികസനവും വളരുകയാണെന്ന് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് രാജ്യത്തിന് ഇന്ന് ആവശ്യം. 11 സംസ്ഥാനങ്ങളെയാണ് പുതിയ സർവ്വീസുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത പിറകെ കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി. കാസർകോട് നിന്നാണ് തീവണ്ടി പുറപ്പെട്ടത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും വിദ്യാർത്ഥികൾക്കുമാണ് വന്ദേഭാരതിൽ യാത്ര ചെയ്യാൻ ഞായറാഴ്ച അവസരം ഉണ്ടായത്. ഔദ്യോഗിക സർവീസല്ലാത്ത ഞായറാഴ്ച പതിവ് സ്റ്റോപ്പുകൾക്ക് പുറമെ കൂടുതൽ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിൻ രാത്രി 12ന് തിരുവനന്തപുരത്തെ ത്തിച്ചേരും. 26ന് വൈകുന്നേരം 4.05ന് ഇതേ ട്രെയിൻ കാസർഗോഡേയ്‌ക്ക് തിരിക്കും. 27 മുതൽ റഗുലർ സർവീസ് ആലപ്പുഴ വഴി ആരംഭിക്കുന്നതാണ്.
കാസർകോട് – തിരുവനന്തപുരം, ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ് – ബെംഗളൂരു, വിജയവാഡ – ചെന്നൈ (റെനിഗുണ്ട വഴി), പട്ന-ഹൗറ, റൂർക്കല-ഭുവനേശ്വർ പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് പ്രധാനമന്ത്രി തുടക്കം കുറിച്ച പുതിയ സർവീസുകൾ. ഇതോടെ രാജ്യത്ത് ആകെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികളുടെ എണ്ണം 34 ആയി ഉയർന്നു.