Investigation
ദേവനന്ദയുടെ നിഗൂഢാത്മകമായ മരണം ; അന്വേഷണ സംഘം പ്രദേശത്തെ മൊബൈൽ ടവറുകളുടെ വിവരങ്ങൾ ശേഖരിച്ചു
കുരുന്നു കുഞ്ഞുങ്ങളെ കൊല്ലുന്നതും അവർക്ക് നേരേയുള്ള അക്രമങ്ങളും കേരളത്തിൽ ഭീതിദമാം വണ്ണം വർദ്ധിക്കുകയാണ്. അടുത്തിടെ കൊല്ലം കുടവട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദ എന്ന പെൺകുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഏതിനും ഇത് നല്ലകാര്യമായി. കുടവട്ടൂർ നന്ദനത്തിൽ പ്രദീപിന്റെയും ധന്യയുടെയും മകൾ ഏളു വയസുകാരിയായ ദേവനന്ദയുടെ മൃദേഹം ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഇത്തിക്കരയാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്.
ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്‌മോർട്ടം നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയ മൂന്ന് പൊലീസ് സർജൻമാർ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ മൊബൈൽ ടവറുകൾ വഴി കടന്നുപോയ എല്ലാ ഫോൺ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
അന്വേഷണസംഘം കഴിഞ്ഞ ദിവസം ദേവനന്ദയുടെ അമ്മയും അച്ഛനും അടങ്ങുന്ന ബന്ധുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന സംശയം നാട്ടുകാരിൽ സജീവമാണ്. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകൾ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാൾ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിട്ടുണ്ട്. ഇതാണ് ദുരൂഹ വർദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഇവിടേക്ക് എത്തിച്ച പൊലീസിന്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പോയ വഴികളും ഇതൊരു കൊലപാതകമാണെന്ന സംശയം വർദ്ധിപ്പിക്കുകയാണ്. നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആൾ താമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പോയത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്കാണ്. അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന നായയ്ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി. സമീപത്തെ ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ പിന്നീട് കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. ഈ വീടിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതിനും പൊലീസിന്റെ ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പറയാതിരിക്കാൻ വയ്യ.
ഏതിനും ദേവനന്ദയുടെ തിരോധാനവും തുടർന്ന് ലോകമെമ്പാടുമുള്ള മലയാളികളും ഈ പ്രശ്‌നത്തിലേക്ക് ഉറ്റുനോക്കിയതും സോഷ്യൽമീഡിയയുടെ ഇടപെടൽ കാരണമാണ്. കാരണം കമ്മ്യൂണിക്കേഷന്റെ അത്രത്തോളം സാമൂഹ്യപ്രസക്തിയുള്ള ഒരു ഡിവൈസായി മൊബൈൽ ഫോൺ മാറിയിരിക്കുന്നുവെന്നുള്ളതാണ് ദേവനന്ദയുടെ തിരോധാനവും പിന്നീടുള്ള സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഒരു പക്ഷെ സോഷ്യൽമീഡിയ ഇല്ലായിരുന്നുവെങ്കിൽ കൊല്ലത്തെ ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ തിരോധാനവും മരണവും ലോകം അറിയില്ലായിരുന്നു.