ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഗര്‍ത്തല: മേഘാലയയില്‍ നിന്ന് ആശ്വാസകരമായ ഒരു വിധിയാണ് കോണ്‍ഗ്രസിനെ കാത്തിരുന്നതെങ്കിലും ത്രിപുരയില്‍ അങ്ങനെയുണ്ടായില്ല. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ത്രിപുരയില്‍ തകര്‍ന്നടിയുന്ന സാഹചര്യമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാന ഫലസൂചനകള്‍ വരുന്നതു വരെ കാണാന്‍ കഴിഞ്ഞത്. ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി മുന്നേറുമ്പോള്‍ അക്കൗണ്ട് പോലും തുറക്കാനാകാതെ പൊരുതുകയാണ് കോണ്‍ഗ്രസ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് നേടി സിപിഎം അധികാരത്തിലെത്തിയപ്പോള്‍ പത്ത് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് കിട്ടിയത് വെറും പത്ത് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.
ത്രിപുരയില്‍ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് 59 സീറ്റുകളിലും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ത്രിപുര വിഭജിക്കുന്നത് തടയും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് തെരെഞ്ഞെുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതാണ് പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തിയത്.

Facebook Comments