നൂറിലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയത് ഹിന്ദുത്വം കൊണ്ടല്ല, വികസന പാക്കേജ് ഉയര്‍ത്തിയതിനാല്‍; ശശി തരൂര്‍

നൂറിലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയത് ഹിന്ദുത്വം കൊണ്ടല്ല, വികസന പാക്കേജ് ഉയര്‍ത്തിയതിനാല്‍; ശശി തരൂര്‍

കൊച്ചി: വാജ്പേയി സര്‍ക്കാരിനേക്കാള്‍ നൂറിലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയത് ഹിന്ദുത്വം കൊണ്ടല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊച്ചിയില്‍ കൃതി പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തിലെത്തിയത് വികസന പാക്കേജുകള്‍ കാരണമാണെന്നും കോണ്‍ഗ്രസ് എം.പി അഭിപ്രായപ്പെട്ടു.

നൂറിലേറെ സീറ്റുകള്‍ നേടാന്‍ മോദിക്കായത് ഹിന്ദുത്വം കൊണ്ടല്ല മറിച്ച് വികസനപാക്കേജ് ഉയര്‍ത്തിക്കാണിച്ചാണെന്ന് പറഞ്ഞ തരൂര്‍, മോദി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടു.

‘ആധാര്‍, ചില്ലറ വില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലാ പരിഷ്‌കാരം, തൊഴിലുറപ്പ് പദ്ധതി, ബാങ്ക്‌റപ്റ്റസി നിയമം; എല്ലാത്തിനും അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. വിവരാവകാശ നിയമവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമെല്ലാം കൊണ്ടുവന്നതും കോണ്‍ഗ്രസ്സാണ്. ‘ -തരൂര്‍ പറഞ്ഞു.

‘ആര്‍എസ്എസ്സിലൂടെയല്ലാതെ വളര്‍ന്നു വന്ന സുഷമാ സ്വരാജ് പോലും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയായിരിക്കെ ഫാഷന്‍ ടി.വി നിരോധിച്ചു. എന്റെ അഭിപ്രായത്തില്‍ ഇഷ്ടമല്ലാത്ത ചാനല്‍ നിരോധിക്കേണ്ട കാര്യമില്ല, ചാനല്‍ മാറ്റാവുന്നതല്ലേയുള്ളൂ’- തരൂര്‍ ചോദിച്ചു.

രാഷ്ട്രീയത്തിലേയ്ക്ക് ചെറുപ്പക്കാരെ കൊണ്ടു വരുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഒരു സ്ഥാനം വഹിക്കുന്നത് പരമാവധി രണ്ടു തവണയായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശത്തോട് യോജിക്കുന്നതായും തരൂര്‍ പറഞ്ഞു. വോട്ടവകാശം 18 വയസ്സില്‍ ആകാമെങ്കില്‍ തെരഞ്ഞെടുപ്പിന് മല്‍സരിക്കുന്നത് 25 വയസ്സുവരെ നീട്ടിവയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയം മുഴുവന്‍ സമയ തൊഴിലായി നടത്തുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും തരൂര്‍ പറഞ്ഞു.

യു.എന്‍ വിട്ട് രാഷ്ട്രീയത്തിലേയ്ക്കു വന്നപ്പോള്‍ താന്‍ പരിയചപ്പെട്ട ഓരോ രാഷ്ട്രീയക്കാരനോടും എന്താണ് ജോലി എന്ന് ചോദിച്ചെന്നും അത് ഇന്ത്യയില്‍ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു. മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പിന്തിരിപ്പനായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹിന്ദു ദേവതമാരുടെ സ്തനങ്ങളെ വര്‍ണിച്ച് കവിതകളും മറ്റുമുണ്ടായിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് ഹിംസാത്മ ഹിന്ദുത്വം തെരുവിലിറങ്ങുന്നത്. തങ്ങളുടെ മതം മാത്രം ശരിയെന്ന് പറയുന്നതും അതിനായി തെരുവിലിറങ്ങുന്നതും തങ്ങളുടെ ടീം മാത്രം ശരിയാണെന്ന് പറഞ്ഞ് അക്രമം അഴിച്ചു വിടുന്ന യൂറോപ്പിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാരുടേതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Facebook Comments