‘ആചാരം വിവാദമാക്കേണ്ട’; കുത്തിയോട്ടത്തെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

‘ആചാരം വിവാദമാക്കേണ്ട’; കുത്തിയോട്ടത്തെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടക്കും. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. ബാലപീഡനമുണ്ടോ എന്ന് അന്വേഷിക്കും. നാളെയാണ് ആറ്റുകാല്‍ പൊങ്കാല.

കുത്തിയോട്ടത്തിനെതിരെ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയാണ് വിമര്‍ശനമുയര്‍ത്തിയത്. ആചാരത്തിന്റെ പേരില്‍ നടത്തുന്ന ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികള്‍ക്ക് നേരെയുള്ള കടുത്ത പീഡനമെന്നാണ് ശ്രീലേഖ പറഞ്ഞത്. ആചാരം മുന്‍നിര്‍ത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചു. ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതല്‍ പന്ത്രണ്ടു വയസ് വരെയുള്ള ആണ്‍കുട്ടികളെയാണ് മാതാപിതാക്കള്‍ വിശ്വാസത്തിന്റെ പേരില്‍ ക്ഷേത്രഭാരവാഹികളുമായി ചേര്‍ന്ന് പീഡിപ്പിക്കുന്നത്.

നാമമാത്രമായ ഭക്ഷണം മാത്രം നല്‍കുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. അമ്പലത്തിന്റെ തറയില്‍ ദിവസവും ഉറങ്ങുന്ന കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല. അവസാനദിവസം വസ്ത്രാഭരണങ്ങള്‍ അണിയിച്ചു ഒരുക്കുന്ന കുട്ടികളുടെ വശത്തു ഒരുകമ്പികൊളുത്തുന്ന വേദനകരമായ അനുഭവമുണ്ട്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്.

സംസാരിച്ചവര്‍ എല്ലാം ഇതിനു എതിരാണെങ്കിലും അനാചാരം എതിര്‍ക്കപ്പെടുന്നില്ല. ദേവിക്ക് രക്തം ഇഷ്ടമാണെന്നാണ് ഭാരവാഹികള്‍ പറയുന്നത്. മുന്‍പ് ഇവിടെ മൃഗബലി നടന്നിരുന്നതാണ്. ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തില്‍ ദിവസവും ദേവിക്കുവേണ്ടി ആടുകളുടെ കഴുത്തുവെട്ടുന്ന ആചാരമുണ്ട്. ആ ആടുകളുടെ നോട്ടം ആണ് തനിക്ക് ഓര്‍മ്മവരുന്നത്. താന്‍ പത്തു വയസ്സുമുതല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുമായിരുന്നു എന്നും തികഞ്ഞ ഭക്തയാണെന്നും ശ്രീലേഖ പറഞ്ഞു.

സ്ത്രീകളുടെ ശബരിമലയെന്നു അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം പ്രസിദ്ധമായ പൊങ്കാലയ്ക്ക് പേരുകേട്ട കേന്ദ്രമാണ്. എന്നാല്‍ ഇത്തരത്തിലൊരു അമ്പലം കുട്ടികളുടെ തടവറയായി മാറുകയാണെന്നും ജയില്‍ ഡിജിപി ബ്ലോഗ്ഗില്‍ പറഞ്ഞു.

കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും ഓര്‍മിപ്പിക്കുന്ന ശ്രീലേഖ ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ മറ്റു ചില ദേവീ ക്ഷേത്രങ്ങളിലും കുത്തിയോട്ടം ഉണ്ടെങ്കിലും ബ്ലോഗില്‍ പരാമര്‍ശമില്ല.

Facebook Comments