ശ്രീദേവിയുടെ മൃതദേഹം എത്തിക്കാന്‍ വൈകും

ശ്രീദേവിയുടെ മൃതദേഹം എത്തിക്കാന്‍ വൈകും

മുംബൈ: ദുബായില്‍ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും. ഇന്ന് വൈകിട്ടോടെയെ മൃതദേഹം ഇന്ത്യയിലെത്തിക്കുകയുള്ളൂ. ഉച്ചയോടെ എത്തിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്ന് വൈകുകയാണ്. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. മൃതദേഹം ഉച്ചയോടെ ദുബായില്‍ നിന്ന് വിട്ടുകിട്ടുമെന്നാണ് റിപ്പോര്‍ട്ട്.

ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ മരണം രജിസ്റ്റര്‍ ചെയ്ത ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാകുന്ന മുറയ്ക്ക് മൃതദേഹം എംബാമിങ്ങിനു വിട്ടുനല്‍കും. ശനിയാഴ്ച രാത്രി ഹോട്ടല്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ വേണ്ടിവന്നത്.

എംബാമിങ് പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മൃതദേഹം മുംബൈയിലേക്ക് എത്തിക്കും. മൃതദേഹം എത്താന്‍ വൈകിയാല്‍ സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്ക് മാറ്റിവെയ്ക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മൃതദേഹം കൊണ്ടുവരുന്നതിനായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍ നിന്ന് ദുബായിലെത്തിയിട്ടുണ്ട്. ലോഖണ്ഡ്വാല കോംപ്ലക്‌സില്‍ ശ്രീദേവിയുടെ ചിത്രം സ്ഥാപിച്ച് താമസക്കാര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മെഴുകുതിരി കത്തിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. മുംബൈ ജുഹു പവന്‍ഹന്‍സ് ശ്മശാനത്തിലാകും സംസ്‌കാരം എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്

Facebook Comments