മകനെ റണ്ണൗട്ടാക്കി അച്ഛന്‍;അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റ്

മകനെ റണ്ണൗട്ടാക്കി അച്ഛന്‍;അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റ്

ആന്റിഗ്വ: സഹോദരങ്ങള്‍ ഒരേസമയം ഒരേ ടീമില്‍ കളിക്കുക എന്നത് ക്രിക്കറ്റില്‍ അപൂര്‍വതയല്ല. എന്നാല്‍ ഒരു ടീമിനായി അച്ഛനും മകനും ഇറങ്ങുകയും മകനെ അച്ഛന്‍ റണ്ണൗട്ടാക്കുകയും ചെയ്താലോ. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ശിവ്നാരായന്‍ ചന്ദര്‍പോളും മകന്‍ ടെയ്ജ് നരൈന്‍ ചന്ദര്‍പോളുമാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റില്‍ ഗയാനക്കുവേണ്ടിയാണ് ചന്ദര്‍പോളും ടെയ്ജ് നരൈന്‍ ചന്ദര്‍പോളും കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫിഫ്റ്റി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ വിന്‍ഡ്വേര്‍ഡ് ഐലന്‍ഡിനെതിരെ ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്തു.

287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗയാനക്കായി ടെയ്ജ്നരൈന്‍ ചന്ദര്‍പോളും ഹേമരാജും ആണ് ഇന്നിംഗ്സ് തുറന്നത്. ആദ്യ ഓവറില്‍ തന്നെ ഹേമരാജ് പുറത്തായതോടെ ശിവ്നാരായന്‍ ചന്ദര്‍പോള്‍ ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് 3.5 ഓവറില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ചന്ദര്‍പോളിന്റെ സ്ട്രൈറ്റ് ഡ്രൈവ് ബൗളര്‍ റയാന്‍ ജോണിന്റെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റില്‍ കൊണ്ടത്.

ഈ സമയം ക്രീസിന് പുറത്തായിരുന്ന ടെയ്ജ് നരൈന്‍ റണ്ണൗട്ടായി. 12 റണ്‍സായിരുന്നു ടെയ്ജ്നരൈന്റെ സമ്പാദ്യം. അടുത്ത ഓവറില്‍ നാലു ബൗണ്ടറി അടിച്ച് 43കാരനായ ശിവ്നാരായന്‍ ചന്ദര്‍പോള്‍ ടീമിനെ വീണ്ടും ട്രാക്കിലാക്കി. എങ്കിലും 38 പന്തില്‍ 34 റണ്‍സെടുത്ത ചന്ദര്‍പോള്‍ പുറത്തായതോടെ തകര്‍ച്ച നേരിട്ട ഗയാന 44.2 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡ്വേര്‍ഡ് ഐലന്‍ഡ് 47 ഓവറിലാണ് 286 റണ്‍സടിച്ചത്

Facebook Comments