കൊച്ചി എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ മറയാക്കി കോടികളുടെ തട്ടിപ്പ് ; വഞ്ചിക്കപ്പെടുന്നത് സര്‍ക്കാരും ജനങ്ങളും

കൊച്ചി എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ മറയാക്കി കോടികളുടെ തട്ടിപ്പ് ; വഞ്ചിക്കപ്പെടുന്നത് സര്‍ക്കാരും ജനങ്ങളും

രാജ്യത്തെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്ത വിമാനത്താവളമായ സിയാലില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതി. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ഖ്യാതിനേടിയ സിയാല്‍ നടത്തുന്ന അഴിമതികള്‍ പലപ്പോഴും പുറംലോകമറിയാറില്ല എന്നതാണ് വാസ്തവം. ഇതിനായി ഭീമമായ തുക പരസ്യയിനത്തില്‍ നല്‍കി മാധ്യമങ്ങളുടെ വായടക്കുന്നതിനാല്‍ അഴിമതിക്കഥകള്‍ പലപ്പോഴും ജനങ്ങളിലേക്ക് എത്തിക്കാതെ കുഴിച്ചുമൂടപ്പെടുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും, അത്യാധുനിക സുരക്ഷാസംവിധാനങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച സിയാല്‍ ടെര്‍മിനല്‍ 3ന്റെ വിജയകഥകള്‍ കൊട്ടിഘോഷിക്കപ്പെടുന്നതിനിടയിലാണ് ഇവിടെ വികസനത്തിന്റെ പേരില്‍ തട്ടിപ്പ് അരങ്ങേറുന്നത്.

ടി – 3 ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുവരെ ഇന്റര്‍നാഷണല്‍ ടെര്‍മിനലായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒന്നാം ടെര്‍മിനലിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അവതാര്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാതൊരുവിധ കേടുപാടുകളോ, സൗകര്യക്കുറവോ ഇല്ലാതെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെര്‍മിനല്‍ 1നെ ഇടിച്ചുപൊളിച്ചു നാമാവശേഷമാക്കിയ കാഴ്ചയാണ് ഇവിടെ കാണാനാവുക. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനാണ് നവീകരണത്തിന്റെ പേരില്‍ ഈ ദുരവസ്ഥ നേരിട്ടത്. ഇതിനായി ക്വട്ടേഷന്‍ നല്‍കിയിരിക്കുന്ന തുക 150-ഓളം കോടിയാണ്, പണി പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 200 കോടിയായി ഉയരാനാണ് സാധ്യത.

ഏകദേശം 500 കോടി രൂപയുടെ ബാധ്യതയുള്ള സിയാല്‍ എന്തിനുവേണ്ടിയാണ് 200 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇത് സംബന്ധിച്ച് എ.പി.ഡി – എ.സി.കെ നായരോട് വിവരങ്ങള്‍ തിരക്കിയെങ്കിലും കൂടുതല്‍ യാത്രികര്‍ക്ക് സൗകര്യപ്രകാരം ഉപയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന മറുപടിയാണ് അവതാര്‍ ടുഡേക്ക് ലഭിച്ചത്. അകാരണമായി ഇടിച്ചുനിരത്തിയ ടെര്‍മിനല്‍ ഒന്നിന്റെ പഴയഘടന നിലനിര്‍ത്തി ഉള്‍ഭാഗം മുഴുവന്‍ ഇടിച്ചുനിരത്തുന്നതിന്റെ യുക്തി എന്താണെന്നുള്ള ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം വീടാണെങ്കില്‍ ഇത്തരത്തില്‍ പൊളിക്കുമായിരുന്നോ എന്ന ചോദ്യത്തിനും, ഇതിന്റെ പേരില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനും എയര്‍പോര്‍ട്ട് അധികൃതര്‍ ഉത്തരം നല്‍കേണ്ടതുണ്ട്.
kochi airport scam.cial
ഇതിലൂടെ ലാഭത്തില്‍ പോകേണ്ട ഒരു സ്ഥാപനത്തെ എയര്‍പോര്‍ട് അധികൃതര്‍ പൂര്‍ണമായും നഷ്ടത്തിലേക്ക് മൂക്കുകുത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ സിയാല്‍ ഡയറക്ടര്‍ കൂടിയായ ഒരു മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ട്. എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഭരണ കാലയളവിലും (2002-2003) സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്ന ഇദ്ദേഹവും, മറ്റൊരു സ്വകാര്യ ഡയറക്ടറും എന്തുകൊണ്ട് ഈ ധൂര്‍ത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമാക്കണം. വികസനത്തിന്റെ പേരില്‍ ജനത്തെ കബളിപ്പിച്ച് കീശവീര്‍പ്പിക്കാനുള്ള നടപടിയിലേക്കാണോ എയര്‍പോര്‍ട്ട് അധികൃതര്‍ നീങ്ങുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധികബാധ്യത ഉണ്ടാക്കി സ്ഥാപനം നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ഭാവിയില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സിയാലിന്റെ 51 ശതമാനം ഓഹരി സര്‍ക്കാരിന്റെ കൈവശമാണെന്ന് പൊതുജനങ്ങളെ വിശ്വസിപ്പിച്ചതോടെയാണ് 2,300 ഭുവുടമകളുടേയും 872 കുടുംബങ്ങളുടേയും പക്കല്‍നിന്നും പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്. എന്നാല്‍, തന്ത്രപരമായ നീക്കത്തിലൂടെ എയര്‍പോര്‍ട്ടിലെ സര്‍ക്കാരിന്റെ ഓഹരി സ്ഥാനം ഇപ്പോള്‍ 26 ശതമാനം മാത്രമായി മാറ്റിയിരിക്കുന്നു എന്ന സത്യം ജനത്തെ ഞെട്ടിക്കുന്നതാണ്. ഇന്ന് ഗവണ്‍മെന്റിന്റെ മറവില്‍ സിയാല്‍ പൂര്‍ണമായും സ്വകാര്യ വ്യക്തികളുടെ കൈകളിലാണെന്നതാണ് യാഥാര്‍ത്ഥ്യം.
cial-kochi airport scam
2004 ഡിസംബറില്‍ സിയാലിലെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഓഹരിയില്‍ തിരിമറി നടത്തി ബിനാമി വഴി ഷെയര്‍ സ്വന്തമാക്കി കൂടിയ വിലക്ക് വിറ്റുവെന്ന ആരോപണം നേരിടുന്ന അതേ വ്യക്തി തന്നെയാണ് ഇന്നും ഇവിടെ എം.ഡിയായി തുടരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കണ്ണില്‍ പൊടിയിട്ട് തിരിമറി നടത്തിയ അദ്ദേഹം ഇന്ന് ശ്രീ പിണറായി വിജയനേയും പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സിയാലിന്റെ ചരിത്രപുസ്തകത്തില്‍ നിന്ന് മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ശ്രീ വി.എസ് അച്യുതാനന്ദനെ പൂര്‍ണമായും ഇദ്ദേഹം ഒഴിവാക്കിയത് ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ പ്രീതിപ്പെടുത്തി സ്വസ്ഥാനത്ത് തുടരാനാണെന്നും ആക്ഷേപമുണ്ട്. 2005ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോടികള്‍ മുതല്‍ മുടക്കി ആരംഭിച്ച ഹാംഗര്‍ പദ്ധതി കഴിഞ്ഞവര്‍ഷംവരെ കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ ഉപയോഗശൂന്യമായിരുന്നു. അഴിമതികള്‍ മൂടിവെച്ച് പബ്ലിസിറ്റിക്കായി വാര്‍ത്തകള്‍ മെനയാന്‍ ഒരു പബ്ലിക് റിലേഷന്‍ ഓഫീസറും അദ്ദേഹത്തിനൊപ്പമുണ്ട്.

അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ദീര്‍ഘവീക്ഷണത്തിന്റേയും, കഴിവിന്റേയും ഫലമായി രൂപീകൃതമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അഴിമതിയുടേയും, ധൂര്‍ത്തിന്റേയും വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. വികസനത്തിന്റെ പേരില്‍ ചിലവഴിക്കുന്നത് ആരുടെ പണമാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമാണുള്ളത് – പൊതുജനത്തിന്റെ പണം. അഞ്ചോ പത്തോ കോടിയില്‍ തീര്‍ക്കാമായിരുന്ന നവീകരണപദ്ധതിക്ക് സര്‍വ്വതും ഇടിച്ചു നികത്തി ഇരുന്നൂറ് കോടിയുടെ മുകളില്‍ ചിലവാക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം അഴിമതി തന്നെയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. സിയാല്‍ അധികൃതരായി റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഈ അഴിമതിക്ക് കുടപിടിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ഷെയര്‍ വാല്യൂ മറച്ചുവെച്ച് ഓഹരിക്കച്ചവടം നടത്തി കള്ളപ്പണം വെളുപ്പിക്കാനുള്ള മാധ്യമമായി സിയാലിനെ ഉപയോഗിക്കുന്നവരും കുറവല്ല. ശ്രീ പിണറായി വിജയനെപ്പോലെ കര്‍ക്കശക്കാരനും അഴിമതിവിരുദ്ധനുമായ മുഖ്യമന്ത്രിയെ കബളിപ്പിച്ച് സിയാലില്‍ നടക്കുന്ന കള്ളക്കളികള്‍ വെളിച്ചം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എയര്‍പോര്‍ട്ട് വികസനത്തിന്റെ പിന്നില്‍ നടക്കുന്ന ഇത്തരം അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിയും, വിജിലന്‍സും, കോടതിയും ഇടപെടേണ്ടത് ആവശ്യമാണ്.

പൊതുജനത്തെ കൊള്ളയടിക്കുന്ന ഉന്നതര്‍ക്ക് പങ്കുള്ള ഈ എയര്‍പോര്‍ട്ട് അഴിമതി പൊതുവേ നമ്മുടെ എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തെന്നുവരില്ല, അതിനാല്‍ ദയവായി നിങ്ങള്‍ ഈ വാര്‍ത്ത മറ്റുള്ളവരിലും എത്തിക്കുമെന്ന വിശ്വസ്തയോടെ അവതാര്‍ ടുഡേ.

Facebook Comments