Latest News
കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ
ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കമാലുദ്ദീൻ സയീദിന്റെ ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടെന്നും, കെപികെ മേഖലയിലെ ജബ്ബാ താഴ്‌വരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ടുകൾ.166 പേർ കൊല്ലപെട്ട മുംബൈ ഭീകരാക്രമണത്തിലും, പാർലമെന്റാക്രമണത്തിലും പ്രതിയാണ് ഹാഫീസ് സയീദ്. ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെ 2001 ല്‍ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിക്കുകയുണ്ടായി.
വിലക്ക് വന്നതോടെ ലഷ്‌കര്‍ ത്വയ്ബയെ പേര് മാറ്റി ജമാത് ഉത് ദവ ആക്കി. അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്‌ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ് ഹാഫീസ് സയീദ് എന്നതാണ് ശ്രദ്ധേയം. ഹാഫിസ് സയീദിന്റെ വീടിന് സമീപം കഴിഞ്ഞ വർഷം ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഹാഫിസ് സയീദിനെ കൊല്ലാൻ ശ്രമിച്ചതാണെന്ന് അന്ന് പാക് ഏജൻസികൾ ആരോപണവും ഉന്നയിച്ചിരുന്നതാണ്.