Latest News
കീഴ്വഴക്കം മറികടന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു യാത്രയയപ്പ് നൽകി സർക്കാർ, ചെലവ് 1.22 ലക്ഷം
കൊച്ചി . മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പത്തുപേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചത്. ഒരാള്‍ക്ക് ഏകദേശം 12,250 രൂപ എന്ന നിലയിലാണ് ചെലവ് കണക്കാക്കുന്നത്.
കോവളത്തെ ലീല ഹോട്ടലിലായിരുന്നു യാത്രയയപ്പ് പാര്‍ട്ടി നടന്നത്. 1,19,770 രൂപ ഹോട്ടലിലേക്കും പത്തുപേര്‍ പങ്കെടുത്ത പരിപാടിക്കുള്ള ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്തതിന് 2650 രൂപയും ചെലവാക്കിയെന്നാണ് അധികൃതര്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കീഴ്വഴക്കമില്ലാത്ത ഇത്തരമൊരു യാത്രയയപ്പിനെതിരെ ആദ്യം തന്നെ വിമര്‍ശനമുയര്‍ന്നിരുന്നതാണ്.
വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിലാണ് പൊതുഭരണ വകുപ്പ് കണക്കുകള്‍ പാർട്ടിയുടെ ചെലവ് കണക്കുകൾ വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം അനാവശ്യ ചെലവുകളെന്ന് എം.കെ. ഹരിദാസ് പറഞ്ഞിട്ടുണ്ട്. എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള തീരുമാനവും വിവാദത്തിനിടയാക്കിയിരുന്നു.